Tuesday, July 19, 2011

നിധി

"ഈ നിധി എന്നു വെച്ചാല്‍ എന്താ പപ്പാ?"
"പണ്ട് വേറെ ആര്‍ക്കും കിട്ടാതിരിക്കാന്‍ ആള്‍ക്കാര്‍ ഓരോന്ന് ഒളിപ്പിച്ച് വയ്ക്കുമായിരുന്നു. മിക്കവാറും കുഴിച്ചിടും"
"പപ്പാ, ഞാനും ഇന്നാള്‌ ഡയറി മില്‍ക് കുഴിച്ചിട്ടു"
"എന്തിന്?"
"ഇല്ലെങ്കില്‍ പക്രുവിനും കൊടുക്കേണ്ടി വരുമായിരുന്നു"
"എന്നിട്ട് അവന്‍ പോയപ്പോ എടുത്തു തിന്നു കാണും അല്ലേ..."
"ഇല്ല, ഞാന്‍ എല്ലാടത്തും നോക്കി. എവിടെയാ കുഴിച്ചിട്ടേന്നു മറന്നു പോയി..."
"ഇപ്പൊ മനസ്സിലായില്ലേ എന്തു കിട്ടിയാലും ഷെയര്‍ ചെയ്യണം..."
"ഇല്ല പപ്പാ, ഇനി കുഴിച്ചിടുമ്പോ അവിടെ ഒരു കല്ല്‌ എടുത്തു വെച്ചാല്‍ പോരേ?"
"നീ എന്തെങ്കിലും ചെയ്യ്..."
"ഞങ്ങടെ ക്ലാസ്സിലും നിധിയുണ്ട് പപ്പാ..."
"എവിടെ?"
"എന്റെ 2 ബെന്‍ച് പുറകിലാ... നിധി എസ്സ് നായര്‍"
"ഹോ... നിന്‍റ്റെ ഒരു കാര്യം... ഓ... സുരേഷ് അങ്കിളിന്‍റ്റെ മോള്‍... അല്ലേ..."
"പപ്പാ, അവള്‍ ഇന്നലെ ഇംഗ്ലീഷ് ടെസ്റ്റില്‍ ശാന്തിയുടെ നോക്കി കോപ്പിയടിച്ചു"
"അതിന്‌ ശാന്തി നിന്‍റ്റെ അടുത്തല്ലേ ഇരിക്കുന്നത്?"
"അതേ, എന്നിട്ടും. അവള്‍ ശരിയല്ല പപ്പാ..."
"എന്തായാലും ഞാന്‍ ഇത് സുരേഷിനോട് പറയാം... അങ്ങനെ ശീലിക്കാന്‍ പാടില്ല..."
"വേണ്ട പപ്പാ, അതൊന്നും വേണ്ട..."
"പിന്നെ എന്തു വേണം എന്നാ കുട്ടന്‍ പറയുന്നത്?"
"ചിലപ്പോ സുരേഷ് അങ്കിളും ഇതു തന്നെ പറയും. വിശ്വസിക്കാതിരുന്നാ മതി..."

Monday, July 18, 2011

ഡ്രൈവര്‍

"പപ്പാ, നമ്മുടെ സ്കൂട്ടര്‍ എന്താ നിറയാത്തെ?"
"സ്കൂട്ടര്‍ എങ്ങനെയാ കുട്ടാ നിറയുക?"
"എല്ലാ ദിവസവും പപ്പാ പമ്പില്‍ കേറി പെട്രോള്‍ ഒഴിക്കുന്നുണ്ടല്ലോ"
"ഇല്ല കുട്ടാ, ദിവസവും ഇല്ല, പെട്രോള്‍ തീരുമ്പോളല്ലേ പപ്പാ പമ്പില്‍ കേറുന്നത്..."
"പെട്രോള്‍ ആരാ തീര്‍ക്കുന്നെ?"
"ആരും തീര്‍ക്കുന്നതല്ല കുട്ടാ, വണ്ടി ഓടണമെങ്കില്‍ പെട്രോള്‍ വേണം."
"എല്ലാ വണ്ടിയും?"
"ഏതു വണ്ടിക്കും പെട്രോള്‍ വേണം കുട്ടാ..."
"സ്കൂള്‍ ബസ്സോ?"
"... അതിന്‌ ഡീസ.... ആ... അതിനും ഒരു തരം പെട്രോള്‍ വേണം..."
"എന്നിട്ടെന്താ ഡ്രൈവര്‍ മാമന്‍ ബസ്സ് പമ്പില്‍ കേറ്റാത്തെ?"
"നീ ഇല്ലാത്തപ്പോളായിരിക്കും മാമന്‍ പെട്രോള്‍ അടിക്കുന്നത്..."
"അതിന്‌ ബസ്സില്‍ പെട്രോള്‍ ഒഴിക്കാന്‍ നമ്മുടെ സ്കൂട്ടറിന്റെ പോലെ മാളം ഇല്ലല്ലോ..."
"അതൊക്കെ ഉണ്ട്... നാളെ കുട്ടന്‍ ബസ്സില്‍ കേറുമ്പോ പപ്പാ കാണിച്ചു തരാം..."
"പപ്പാ, വലുതാവുമ്പോ എനിക്ക് ഡ്രൈവര്‍ മാമനെ പോലെ ബസ്സ് ഓടിക്കണം..."
"അയ്യേ... വലുതാകുമ്പോ നിനക്ക് ഡ്രൈവര്‍ ആകാനാണോ ഇഷ്ടം?"
"ബസ്സ് ഓടിക്കാന്‍ ഡ്രൈവര്‍ ആകണോ?"
"പിന്നെ അല്ലാതെ, ബസ്സ് ഓടിക്കുന്നത് ഡ്രൈവര്‍മാരല്ലേ... കുട്ടന്‌ പപ്പായെ പോലെ ഓഫീസ് ജോലിക്ക് പോകണ്ടേ?"
"... ഓഫീസ് ജോലിയാണോ പപ്പാ നല്ലത്?"
"ഡ്രൈവര്‍ പണിയേക്കാള്‍ നല്ലതാ കുട്ടാ..."
"പപ്പാ വെറുതേ പറയുവാ... അങ്ങനെയാണെങ്കില്‍ പപ്പാ എന്തിനാ സ്കൂട്ടറില്‍ പോണെ? ഒരു ബസ്സ് ഓടിച്ച് പൊയ്ക്കൂടേ?"

Sunday, July 17, 2011

ജയില്‍

"ഈ ജയില്‍ എന്നു വച്ചാല്‍ എന്താ പപ്പാ?"
"കുറ്റം ചെയ്യുന്നവരെ അടച്ചിടാനുള്ള സ്ഥലമാണു കുട്ടാ..."
"എന്തിനാ അവരെ അടച്ചിടുന്നെ?"
"പിന്നെ കുറ്റം ചെയ്യാതിരിക്കാന്‍..."
"അടച്ചിട്ടാ പിന്നെ കുറ്റം ചെയ്യില്ലേ?"
"... പുറത്തു വിടുന്നതു വരെയെങ്കിലും."
"പുറത്തു വിടുമോ?"
"കുറെ കാലം കഴിഞ്ഞിട്ട്..."
"പപ്പായെ ജയിലില്‍ ഇടുമോ?"
"കുറ്റം ചെയ്താല്‍ പപ്പായെയും ഇടും..."
"പപ്പാ കുറ്റം ചെയ്യുമോ?"
"ഇല്ല കുട്ടാ, പപ്പാ കുറ്റം ഒന്നും ചെയ്യില്ല"
"ശാന്തിയുടെ അച്ഛന്‍ ജയിലിലാ..."
"എന്തിന്?"
"വല്ല കുറ്റവും ചെയ്തു കാണും, അല്ലേ പപ്പാ?"
"നീ എന്തിനാ ഇതൊക്കെ അന്വേഷിക്കാന്‍ പോകുന്നേ?"
"അവള്‍ എന്റെ ബെന്‍ചിലാ ഇരിക്കുന്നെ..."
"നീ അവളോട് അധികം കൂട്ടു കൂടണ്ട..."
"അവളാ എന്നോട് മിണ്ടുന്നെ..."
"നീ ഒന്നും മിണ്ടാന്‍ നില്‍ക്കണ്ട"
"ഞാന്‍ ഒന്നും മിണ്ടിയില്ല, അവളാ പറഞ്ഞത്, അവളുടെ അച്ഛന്‍ ജയിലിലാണ്, വന്നിട്ട് എന്നെ ഇടിച്ച് സൂപ്പാക്കും എന്ന്..."
"നീ എന്തെങ്കിലും ചെയ്തു കാണും... വെറുതെ ആരെങ്കിലും അങ്ങനെ പറയുവോ?"
"ഇല്ല, ഞാന്‍ മുടി പിടിച്ച് വലിച്ചില്ല... പപ്പാ വേണെങ്കില്‍ അഭിലാഷിനോട് ചോദിച്ചോ"
"ഓ അതു ശരി, അപ്പോ അതാണു കാര്യം... എന്നിട്ട് നീ എന്തു പറഞ്ഞു?"
"ഞാന്‍ പറഞ്ഞു, നീയും സൂക്ഷിച്ചോ, എന്റെ പപ്പായും ജയിലിലാന്ന്..."